അത്രമേൽ പ്രിയപ്പെട്ട ഒരാൾ അകന്നു പോവുന്നത് നോക്കി നിന്നിട്ടുണ്ടോ?...
സ്വന്തമെന്ന് പറഞ്ഞു കൂടെക്കൂടിയവർ പറയാതിറങ്ങി നടക്കുന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ടോ?...
ചേർന്നിരുന്ന് നോവുകളെല്ലാം തൊട്ടെടുക്കുന്ന ഒരു സഹജീവിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക?...
ചിലർക്ക് സന്തോഷങ്ങളെ പങ്കുവയ്ക്കാൻ... ചിലർക്ക് വെറുതെ സംസാരിക്കാൻ... ചിലർക്ക് മറ്റാരോടും പങ്ക് വെക്കാനാവാത്ത രഹസ്യങ്ങൾ മുഴുവൻ സൂക്ഷിച്ചു വെക്കാൻ... അതുമല്ലെങ്കിൽ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ഒരേയൊരു പിടിവള്ളിയായി മാറിപോവാൻ, ഒരു മനുഷ്യജീവിതത്തെ തേടുന്നവർ.
കേൾക്കാൻ ഒരു കാത് തേടുന്നവർ നമ്മുടെയൊക്കെ
ചുറ്റിലുമുണ്ടാകും.
ഭീകരമായ മൗനം തിന്ന്, തകർന്ന്, ബഹളങ്ങളിൽ നിന്നുമകന്ന്, ചിരിക്കാൻ മറന്ന്, പലപ്പോഴും
ആത്മവിശ്വാസം നഷ്ടപ്പെട്ടവരാവും അധികവും. ചേർത്ത്
പിടിച്ചാൽ പൊട്ടിക്കരഞ്ഞു തീർക്കാനുണ്ടാവും അവർക്ക്, പറഞ്ഞു തീർക്കാൻ ആയിരം പരിഭവങ്ങളും...
ഒരേ ഒരാൾ, ഒരു തലോടൽ മതിയാകും... അവർ വീണ്ടും പൂത്തു
തളിർക്കാൻ... ആരുമില്ലെങ്കിലും നിനക്ക് ഞാനില്ലെയെന്ന് വെറുതെയൊന്ന് പറഞ്ഞിട്ടാൽ മതിയാകും തിരിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്താൻ.
വിഷാദത്തിന്റ കൈകളിലമർന്നവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരിക എന്നുള്ളത് എളുപ്പം സാധ്യമാകുന്ന ഒന്നല്ല തന്നെ .
എങ്കിലും കേൾക്കാൻ ഒരു കാതൊരുക്കി കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒന്ന്.
ഇല്ലാതായിക്കഴിഞ്ഞ് അനുശോചനവും സഹതാപവും അർപ്പിക്കുന്നതിനേക്കാൾ നല്ലതല്ലേ..
ജീവിച്ചിരിക്കുമ്പോൾ ഒരാളെ ചേർത്ത് പിടിക്കുന്നത്.
കരഞ്ഞു ചുവന്ന കണ്ണുകളുമായി നിങ്ങളുടെ സാമിപ്യം ആഗ്രഹിച്ചെത്തുന്നവരെ ഒരിക്കലെങ്കിലും നിങ്ങൾ പോയി തൊടണം... ഒപ്പമിരുത്തി ആശ്വസിപ്പിക്കണം.
നിങ്ങളുടെയടുക്കൽ പൊഴിഞ്ഞു വീഴുന്ന
കരച്ചിലുമായെത്തുന്നവരെ നിറഞ്ഞ ചിരിയോടെ തിരികെയയക്കാൻ കഴിഞ്ഞാൽ നമ്മുടെ കുഞ്ഞു
ജീവിതം കൃതാര്ഥമായില്ലേ...?
അറിയാതെയെങ്കിലും നാം ഒരാൾ കാരണമായി മരണത്തിലേക്കിറങ്ങുന്നവരെ തിരിച്ചു കയറ്റാൻ
ആയാൽ അതിനോളം മഹത്വമായത് വേറെന്താണുണ്ടാവുക.
സ്വന്തം, സ്വാർത്ഥം എന്നീ ബിന്ദുക്കളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്
ലാഭേച്ഛയില്ലാതെ മറ്റൊരാൾക്ക് വേണ്ടി ആർദ്രമാകുന്ന ഹൃദയം പോലും വിലപ്പെട്ടതാണ്.
ഒരു മറുവാക്കിനാൽ ഇല്ലാതായ ജീവിതസ്വർഗം നിങ്ങൾക്ക് തിരിച്ചെടുക്കാനായേക്കാം.
മക്കയിൽ ചെവിയൻ ആയ മുഹമ്മദ് ഉണ്ടെന്ന് പ്രവാചകരേ കുറിച്ച് അന്നാട്ടുകാർ പറഞ്ഞിരുന്നെന്ന് വായിച്ചവരുണ്ടാകും. എല്ലാ ജീവജാലങ്ങളെയും കേൾക്കാനും അവർക്ക് ഏറ്റവും മികച്ച പരിഹാരം നൽകാനും അദ്ദേഹത്തിനായിരുന്നു.
മനുഷ്യനൊരു സാമൂഹ്യജീവിയായത് കൊണ്ട് തന്നെ ഒറ്റക്കൊരു നിലനിൽപ്പ് അവന് സാധ്യമല്ല.
ഇഴചേർന്ന് കൂടിയിരുന്നു വേരുകളാൽ കെട്ടിപ്പിടിച് മാത്രമേ ഏതൊരു വന്മരത്തിനും ഭൂമിയിൽ
കാലൂന്നി നില്കാനാവൂ.
Ayisha Basheer
LC Volunteer

Comments
Post a Comment