അത്രമേൽ പ്രിയപ്പെട്ട ഒരാൾ അകന്നു പോവുന്നത് നോക്കി നിന്നിട്ടുണ്ടോ?... സ്വന്തമെന്ന് പറഞ്ഞു കൂടെക്കൂടിയവർ പറയാതിറങ്ങി നടക്കുന്നത് കണ്ട് അന്തിച്ചു നിന്നിട്ടുണ്ടോ?... ചേർന്നിരുന്ന് നോവുകളെല്ലാം തൊട്ടെടുക്കുന്ന ഒരു സഹജീവിയെ ആർക്കാണിഷ്ടപ്പെടാതിരിക്കുക?... ചിലർക്ക് സന്തോഷങ്ങളെ പങ്കുവയ്ക്കാൻ... ചിലർക്ക് വെറുതെ സംസാരിക്കാൻ... ചിലർക്ക് മറ്റാരോടും പങ്ക് വെക്കാനാവാത്ത രഹസ്യങ്ങൾ മുഴുവൻ സൂക്ഷിച്ചു വെക്കാൻ... അതുമല്ലെങ്കിൽ ജീവിതത്തിൽ പിടിച്ചു നിൽക്കാൻ ഒരേയൊരു പിടിവള്ളിയായി മാറിപോവാൻ, ഒരു മനുഷ്യജീവിതത്തെ തേടുന്നവർ. കേൾക്കാൻ ഒരു കാത് തേടുന്നവർ നമ്മുടെയൊക്കെ ചുറ്റിലുമുണ്ടാകും. ഭീകരമായ മൗനം തിന്ന്, തകർന്ന്, ബഹളങ്ങളിൽ നിന്നുമകന്ന്, ചിരിക്കാൻ മറന്ന്, പലപ്പോഴും ആത്മവിശ്വാസം നഷ്ടപ്പെട്ടവരാവും അധികവും. ചേർത്ത് പിടിച്ചാൽ പൊട്ടിക്കരഞ്ഞു തീർക്കാനുണ്ടാവും അവർക്ക്, പറഞ്ഞു തീർക്കാൻ ആയിരം പരിഭവങ്ങളും... ഒരേ ഒരാൾ, ഒരു തലോടൽ മതിയാകും... അവർ വീണ്ടും പൂത്തു തളിർക്കാൻ... ആരുമില്ലെങ്കിലും നിനക്ക് ഞാനില്ലെയെന്ന് വെറുതെയൊന്ന് പറഞ്ഞിട്ടാൽ മതിയാകും ...
Words and Beyond.